ബെർഗനിലെ മഴനനഞ്ഞ വേനൽ ഓർമകൾ
ബദ്റുദ്ധീൻ ചാലക്കൽ
ഓസ്ലോയിൽ നിന്നും ട്രെയിൻ മാർഗ്ഗം അതിരാവിലെ ബെർഗനിൽ വന്നിറങ്ങിയതെയുള്ളു. ഓഗസ്റ്റ് ആദ്യ വാരത്തിലെ ഇരുണ്ട ആകാശവും മഴയും കണ്ട് ചെറുതായൊന്നു വിശമിച്ചിരിക്കുകയായിരുന്നു. “ഡോണ്ട് വറി, ഇവിടെ ഇങ്ങനെയാണ്, വേനൽക്കാലം തണുപ്പുള്ളതും മിക്കപ്പോഴും മേഘാവൃതവുമാണ്. വർഷം മുഴുവൻ നനവുള്ള സ്വഭാവമാണ് ബെർഗനുള്ളത് “. കൗച്ച്സർഫിംഗ് (couchsurfing) ഹോസ്റ്റ് ഫ്രെഡറിക് എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണോ അതോ കാര്യം പറഞ്ഞതാണോ എന്നറിയില്ല. യൂറോപ്പിൽ ഏറ്റവും കൂടതൽ മഴ ലഭിക്കുന്ന നഗരമാണ് ബെർഗനെന്ന് ഷെയ്ഖ് ഗൂഗിൾ കൂടി പറഞ്ഞപ്പോൾ, ഒന്നുകൂടി റിലാക്സായി.
ഏതായാലും ഫ്രഷാകാൻ വേണ്ടി റയിൽവേ സ്റ്റേഷനിൽ നിന്നും വെറും 350 മീറ്റർ മാത്രം ദൂരമുള്ള ഹോസ്റ്റലിലേക്ക് നടന്നുനീങ്ങി. ഏകദേശം രണ്ടുമാസം മുമ്പേ മുന്കൂട്ടി ബുക്ക് ചെയ്തതു കൊണ്ട് തന്നെ, ഒരു ദിവസത്തേക്ക് വെറും 20 യൂറോ എന്ന നിരക്കിലാണ് ഹോസ്റ്റൽ ലഭിച്ചത്. മറ്റു ഹോസ്റ്റലുകളിൽ നിന്നും വ്യത്യസ്തമായി, ഇൻ്റർമിഷൻ ഹോസ്റ്റൽ ഒരു വീടിൻ്റെ മാതൃകയിലായിരുന്നു. ജൂലൈ – ഓഗസ്റ്റ് ബെർഗൻ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയമായത് കൊണ്ട് തന്നെ, hostelworld.com/ booking.com പോലെയുള്ള വെബ്സൈറ്റുകളിൽ നിന്നും നേരത്തെ ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. അതേസമയം, RV യാത്രക്കാരുടെ ഇഷ്ടയിടമായ നോർവേയിൽ, വൈൽഡ് ക്യാമ്പിംഗിന് എല്ലായിടത്തും അനുമതിയുണ്ട്. എങ്കിലും പെയ്ഡ് ക്യാമ്പിംഗ് കേന്ദ്രങ്ങളിലും നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഉത്തമം. ഫ്രഷ് ആകാനുള്ള സൗകര്യങ്ങൾക്ക് പുറമെ, ചില സെൻ്ററുകളിൽ ബ്രേക്ക്ഫാസ്റ്റിനും ഓപ്ഷനുള്ളത് കൊണ്ട്തന്നെ നല്ല ശതമാനം യാത്രക്കാരും ഇത്തരം കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ, ഡിമാൻഡുള്ള ജനപ്രീതിയുള്ള സ്പോട്ടുകളിലേക്കുള്ള ട്രെയിൻ, കേബിൾ കാർ, ക്രൂയിസ് ശിപ് പോലുള്ള ഗതാഗത സൗകര്യങ്ങൾ നേരത്തെ ബുക്ക് ചെയ്യുന്നത് ടിക്കറ്റ് ഉറപ്പുവരുത്തുന്നതിന് പുറമെ, ടിക്കറ്റ് നിരക്കിൽ ചെറിയ ലാഭം കണ്ടെത്താനും കഴിയും.
ബെർഗനിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് പുറമേ, നഗര കേന്ദ്രങ്ങളിൽ നിന്ന് ഫെറി/ക്രൂയിസ് വഴിയോ എത്തിച്ചേരാം. ഫ്ജോർഡ് ലൈൻ ഡെൻമാർക്കിലേക്ക് വരെ സർവീസ് നടത്തുന്നുണ്ട്. സ്റ്റവാൻഗറിൽ നിന്ന് 4 മണിക്കൂറെടുക്കുന്ന ഒരു എക്സ്പ്രസ് ബസ്സ് സർവീസുമുണ്ട്. ഇതിനൊക്കെ പുറമേ, ഇവിടേക്കുള്ള ട്രെയ്ൻ മാർഗമാണ് ഏറ്റവും പോപ്പുലർ. ഏഴ് മണിക്കൂർ എടുക്കുന്ന ഓസ്ലോ – ബെർഗൻ ട്രെയ്ൻ യാത്ര ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ സീനിക് റൂട്ടുകളിൽ ഒന്നാണ്. സ്വന്തമായി കാറെടുത്ത് യാത്ര ചെയ്യുന്നതെങ്കിൽ, മിക്ക റോഡുകളും ഫ്യോർഡുകൾ, പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ കൂടിയുള്ള മനോഹരമായ ഭൂപ്രകൃതിയിലൂടെയാണ് കടന്നുപോകുന്നത്.
എന്നിരുന്നാലും, നോർവേയുടെ തെക്ക്- പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ബെർഗൻ്റെ വിശേഷങ്ങളിലേക്ക് വരാം. ഹോസ്റ്റലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച്, ബെർഗൻ്റെ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന UNESCO വേൾഡ് ഹെരിറ്റേജ് ലിസ്റ്റിലുള്ള ബ്രിഗ്ഗൻ ലക്ഷ്യമാക്കിയിറങ്ങി. 12-ആം നൂറ്റാണ്ടുമുതൽ തന്ത്രപ്രധാനവും വ്യാപാര സാമ്രാജ്യത്തിൻ്റെ നെടുംതൂണുമായ തുറമുഖ നഗരമാണ് ബ്രിഗ്ഗൻ. ജർമൻ ഹാൻസീറ്റിക് ലീഗിന്റെ കാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ള വർണ്ണാഭമായ തടികൊണ്ടുള്ള കെട്ടിടങ്ങളാണ് ബ്രിഗ്ഗൻ്റെ അതിവിശേഷമായ ഹൈലൈറ്റ്. 1995-ലെ തീപിടിത്തത്തിൽ നഗരത്തിൻ്റെ നല്ലൊരു ശതമാനം തകർന്നെങ്കിലും , ഇപ്പോഴും ഏകദേശം അറുപതോളം കെട്ടിടങ്ങൾ ആ പഴയ രീതിയിൽ അവശേഷിക്കുന്നുണ്ട്. കൂടാതെ, പരമ്പരാഗതമായ പാറ്റേണിലും ഘടനയിലും തന്നെയാണ് അവിടെ പുനർനിർമാണം നടന്നതും. ചാറ്റൽ മഴയും കൊണ്ട്, വടക്കൻ യൂറോപ്പിലെ ഏറ്റവും പഴയ തുറമുഖനഗരങ്ങളിലൊന്നായ ബെർഗൻ്റെ ചരിത്രസംഭവങ്ങൾ, ഹോസ്റ്റ് ഫ്രെഡറിക് വിവരിച്ചു നൽകുകയായിരുന്നു.
ശേഷം, തൊട്ടടുത്തുള്ള ബെർഗൻഹസ് കോട്ട ചുറ്റിക്കണ്ടു. നോർവയിലെ ഏറ്റവും പഴക്കമേറിയതും അതുപോലെ സംരക്ഷിച്ചിട്ടുമുള്ള കോട്ടകളിലൊന്നാണിത്. 12- ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കോട്ടയിലെ പുതുതായി കാണുന്ന ഭാഗങ്ങൾ രണ്ടാം ലോക മഹാുദ്ധകാലത്ത് നിർമിച്ചതാണ്. യുദ്ധകാല ചരിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് ഒരു മ്യൂസിയവുമുള്ള കോട്ടയിൽ പ്രവേശനം ഫ്രീയാണ്.
തുടർന്ന്, ഏവരെയും ആകർഷിക്കുന്ന തടികൊണ്ടുള്ള വർണ്ണാഭമായ കെട്ടിടങ്ങൾക്കിടയിലൂടെ, അവയുടെ പ്രത്യേകമായ ആർക്കിടെക്ചർ ഭംഗി കണ്ടാസ്വദിച്ചു. ഒട്ടുമിക്കത്തിൻ്റെയും ഘടന സമാനമാണ്. അതിൻ്റെയിടയിൽ സുവനീർ കടകളിൾ കയറാനും മറന്നില്ല. വൃത്തിയിലും ആകർഷണമായ രീതിയിലും സുവനീർ വസ്തുക്കൾ ഒരുക്കിവച്ച്, ടൂറിസ്റ്റുകളെ കാത്തിരിക്കുകയാണ് കച്ചവടക്കാർ. പല രൂപത്തിലും വലുപ്പത്തിലും വ്യത്യസ്തങ്ങളായ നിറക്കൂട്ടിൽ തയ്യാറാക്കിയ ആർട്ടുവർക്കുകൾ, ഇരുമ്പിലും മറ്റും തീർത്ത മാഗ്നറ്റിക് സുവനീർ, വിവിധതരം കളിപ്പാട്ടങ്ങൾ, ഡ്രസ്സുകൾ, മഗ്ഗുകൾ, അങ്ങനെ പലതുമടങ്ങിയ സുലഭമായ സുവനീർ കളക്ഷൻ. അതിൽ, ബ്രിഗ്ഗൻ്റെ വാസ്തുവിദ്യ വിളിച്ചോതുന്ന കെട്ടിടങ്ങളടങ്ങിയ ഒരു മാഗ്നറ്റിക് സുവനീർ 7 നോർവീജിയൻ ക്രോണിന് വാങ്ങി അവിടെ നിന്നിറങ്ങി.
കോസ്റ്റൽ ഏരിയ ആയതുകൊണ്ട് തന്നെ, ഇവിടെയുള്ള ഫിഷ് മാർക്കറ്റ് പേരുകേട്ടതാണ്. വഴികൾക്ക് ഇരുവശങ്ങളിലുമായി കൊച്ചുകടകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് കച്ചവടക്കാർ. ചെറുതും വലുതുമായി പല നിറങ്ങളിലും രൂപത്തിലുമുള്ള നല്ല ഫ്രഷ് മത്സ്യങ്ങൾ നിരത്തിവെച്ചിരിക്കുന്നു. അതിൽ മിക്ക മത്സ്യങ്ങളും ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. കൂടാതെ, കൊതിയൂറും വൈവിധ്യങ്ങളായ മത്സ്യ വിഭവങ്ങളും സുലഭമാണിവിടെ. ബെർഗനിൽ ജനസമ്മതിയുള്ള മത്സ്യവിഭവമാണ് പെർസെറ്റോർസ്ക് (Persetorsk). ഇവിടത്തെ മസ്റ്റ് ട്രൈ ആണെന്നും പറഞ്ഞ്, ഫ്രെഡറിക് തൻ്റെ ഫേവറിറ്റ് റെസ്റ്റോറൻ്റിലേക്ക് കൊണ്ടുപോയി. സലാഡും ഒരു തരം സോസും കൂടിയുള്ള പെർസെറ്റോർസ്ക് നിരാശപ്പെടുത്തിയില്ല, ടേസ്റ്റ് ഗുഡ്.
ഇനിയുള്ള സ്പോട്ടാണ് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഏഴ് പർവതങ്ങളുടെ നാടെന്നറിപ്പെടുന്ന ബെർഗൻൻ്റെ ആകാശകാഴ്ച കാണണം. സമയപരിധി കാരണം ഏതെങ്കിലും ഒരു സ്പോട്ട് തിരഞ്ഞെടുക്കണം; ഉൾറിക്കൻ അല്ലെങ്കിൽ ഫ്ലോയെൻ. നോർവയിലെ രണ്ടാമത്തെ വലിയ നഗരത്തിൻ്റെ കൂടുതൽ മനോഹരമായ വ്യു ആണ്, സമുദ്രനിരപ്പിൽ നിന്നും 643 മീറ്റർ ഉയരത്തിലുള്ള ഉൾറിക്കനിൽ നിന്നും കാണാൻ സാധിക്കുക. ഫ്രെഡറിക്കിൻ്റെ ഇഷ്ടയിടം ഉൾറിക്കനാണെങ്കിലും, ഫ്ലോയെൻ ഉറപ്പായും സന്ദർശിക്കേണ്ട സ്പോട്ടാണെന്ന് അവൻ പറഞ്ഞു. അങ്ങനെ, ബ്രിഗ്ഗൻ പോർട്ടിൻ്റെ അടുത്ത് തന്നെയുള്ള ഫ്യൂണികുലാർ ഫ്ലോയ്ബാനൻ സ്റ്റേഷൻ ലക്ഷ്യമാക്കി. തിരിച്ച് വരുമ്പോൾ ഹൈകിങ്ങ് ട്രയലിലൂടെ ഇറങ്ങാമെന്ന ധാരണയിൽ വൺവേ ടിക്കറ്റ് എടുത്തു (75 NOK). സമുദ്രനിരപ്പിൽ നിന്നും 320 മീറ്റർ ഉയരത്തിലുള്ള ഫ്ലോയൻ്റെ ഉച്ചിയിൽ ഏകദേശം 5-8 മിനുട്ട് കൊണ്ട് എത്തി. സ്റ്റേഷനിൽ നിന്നിറങ്ങിയുടനെ തന്നെ ഒരു വലിയ വ്യൂ പ്ലാറ്റ്ഫോം കാണാം. ചാറ്റൽ മഴയും കോടയും ഉണ്ടെങ്കിലും, ബെർഗൻ്റെ ചുറ്റുമുള്ള വന്യമായ പ്രകൃതിയുടെ ആകാശകാഴ്ച അതിമനോഹരമായിരുന്നു. മലകളാൽ ചുറ്റപ്പെട്ട ഹരിതകാഴ്ച, അവയ്ക്കിടയിലുള്ള ഫ്യോർഡുകൾ, പല വലുപ്പത്തിലുള്ള പരമ്പരാഗതവും മോഡേർണുമായ അടുത്തടുത്ത് കിടക്കുന്ന കെട്ടിടസമുച്ചയങ്ങൾ, റോഡ് ശൃംഖല, ഇതിനൊക്കെ പുറമെ ചെറുതും വലുതുമായ ബോട്ടുകളും ക്രുയിസ് കപ്പലുകൾ നങ്ങൂരമിട്ട് കിടക്കുന്ന ബ്രിഗ്ഗൻ തുറമുഖം. മൊത്തത്തിൽ ദൃശ്യസുന്ദരമായ പനോരമിക് കാഴ്ച്ചകൾ. ആ ദിവസത്തെ കാലാവസ്ഥയിൽ, സിറ്റി സെൻ്ററിൽ നിന്നും കുറച്ചു കൂടെ അകലെയുള്ള ഉൾറിക്കിന് പകരം ഇവിടെ വന്നത് എന്ത്കൊണ്ടും ബെസ്റ്റ് ചോയ്സെന്ന് തോന്നിയ നിമിഷം. അവിടെയുള്ള ഇരിപ്പിടത്തിലിരുന്ന് നഗരത്തിൻ്റെ വിദൂരകാഴ്ച കുറച്ച് സമയം കൂടി ആസ്വദിച്ചു. കളിക്കാനും വിശ്രമിക്കാനുമയി തൊട്ടടുത്ത് പാർക്കുണ്ട്. കഴിക്കാനും കുടിക്കനുമയി റെസ്റ്റോറൻ്റും കോഫി ഷോപ്പുമുണ്ട്. അല്ലെങ്കിൽ തന്നെ ജീവിതചെലവ് വളരെ കൂടുതലുള്ള നോർവേയിൽ, പിന്നെയും ഉയർത്തിയിരുന്ന് കോഫി കുടിച്ചു കീശ കാലിയക്കണ്ടെന്ന് കരുതി! പകരം കയ്യിൽ കരുതിയിരുന്ന വെള്ളവും കുടിച്ചങ്ങനെയിരുന്നു.
എന്നിരുന്നാലും, കണ്ടമാനം ഫോട്ടോസും വീഡിയോസും എടുത്ത്, സിറ്റി സെൻ്ററിലേക്കുള്ള ഹൈക്കിങ് ട്രയയിലേക്ക് നീങ്ങി. ഇവിടെയുള്ള ഹൈക്കിങ്, പ്രദേശവാസികൾക്കിടയിലെ വളരെ ജനകീയമായ ആക്ടിവിറ്റികളിൽ ഒന്നാണ്. ഔട്ട്ഡോർ പ്രേമികൾക്ക് ഒരുപാട് ഓപ്ഷനുകളുണ്ടിവിടെ. മൗൺടൈൻ ബൈക്കിലും സൈക്കിളിലുമയി ചുറ്റുമുള്ള മലഞ്ചെരിവിലേക്കും തടാകങ്ങളിലേക്കും സഞ്ചരിക്കാം. കൂടാതെ, കാൽനടയാത്രക്കാർക്ക് വോകെൻഡലൻ താഴ്‌വര, ട്രാപ്പെഫ്‌ജെല്ലറ്റ് കൊടുമുടി അല്ലെങ്കിൽ ടിൻഡേവൻ തടാകത്തിന് ചുറ്റുമുള്ള മലനിരകൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ നിരവധി പാതകളുണ്ട്. ഒരു പിക്നിക് ആസ്വദിക്കാനോ ഒരു തോണി വാടകയ്‌ക്കെടുക്കാനോ ഉള്ള മികച്ച സ്ഥലമാണ് സ്‌കോമകെൻഡികെറ്റ് തടാകം. ഫ്ലോയനിൽ നിന്നും വെറും 10 മിനുട്ട് മാത്രം അകലത്തിലുള്ള സ്‌കോമകെൻഡികെറ്റ് തടാകം ഏതായാലും കാണാമെന്നയി. നല്ല തെളിഞ്ഞ വെള്ളമായിരുന്നു തടാകത്തിൽ. വഴിമധ്യേ ഒരുപാട് പേർ ഹൈക്കിങ്ങും സൈക്ലിങ്ങുംമായി ഉച്ചിയില്ലേക് നീങ്ങുന്നുണ്ട്. വളരെ മനോഹരമായ ഹൈക്കിങ് പാത്തുകൾക്ക് പുറമെ, നല്ല താറിട്ട വളഞ്ഞ് പുളഞ്ഞ റോഡുകളുമുണ്ട്. ചിലപ്പോഴൊക്കെ നല്ല കുത്തനെയുള്ള ഇറക്കങ്ങളുണ്ട്. ചിലയിടങ്ങളിൽ മരം കൊണ്ടുള്ള രസകരമായ വഴികളും കാണാം. നല്ലവണ്ണം റിലാക്സായി ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കണ്ടിറങ്ങിയത് കൊണ്ടുതന്നെ, തഴെയെത്താൻ ഏകദേശം ഒരുമണിക്കൂറെടുത്തു. നല്ല ക്ഷീണത്തിന് പുറമേ നല്ല വിശപ്പും. ഗൂഗിളിൽ തപ്പി തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റ് കണ്ടെത്തി. ഒരു പഴവും വേഫലിൻ്റെ പേക്കും വാങ്ങി നേരെ ഹോസ്റ്റലിലേക്ക് നടന്നു. അങ്ങനെ കോഫിയുടെ കൂടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡിന്നറും കഴിച്ച് അന്നത്തെ ബെർഗൻ ദിവസത്തിന് വിരാമം. നേരമിരിട്ടിതുടങ്ങി, ക്ഷീണം അറിയാതെ നിദ്രയിലേക്ക് വലിച്ചു കൊണ്ടുപോയി.
(തുടരും..), My one-day travelogue of Bergen, Norway
ബദ്റുദ്ധീൻ ചാലക്കൽ, badru3796@gmail.com
Thank you for taking the time to read and share your thoughts.