ഹെൽത്ത് ഇൻഷുറൻസ്: അറിയേണ്ടതെല്ലാം
Siby Joseph
ഞാൻ ചെറുപ്പമാണ്, ആരോഗ്യവുമുണ്ട്. ഇപ്പോൾ എന്തിനു ഹെൽത്ത് ഇൻഷുറൻസ് എടുക്കണം എന്നത് പലർക്കും ഉള്ള സംശയം ആണ്. കാറും വീടും ഫോണും ഇൻഷുർ ചെയ്യാൻ കാണിക്കുന്ന താത്പര്യം സ്വന്തം ആരോഗ്യത്തിൽ കാണിക്കുന്നില്ല എന്നത് വലിയ സാമ്പത്തിക ബാധ്യതയാകും. അപ്രതീക്ഷിതമായി ഒരു അപകടമോ എന്തെങ്കിലും രോഗത്താലോ നമ്മുടെ കുടുംബത്തിലുള്ള ആരെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നാൽ ചികിത്സാ ചെലവുകൾക്ക് വരുന്ന പണത്തിന് വേണ്ടി നെട്ടോട്ടമോടുകയും, പലരിൽ നിന്നും കടം വാങ്ങുകയും, ഒടുവിൽ അത് തിരിച്ചു കൊടുക്കാനാവാതെ കടക്കെണിയിൽ വലയുന്ന നിരവധിപ്പേർ നമുക്ക് ചുറ്റും ഉണ്ട്.
ഹെൽത്ത് ഇൻഷുറൻസ് തീർച്ചയായും എടുത്തിരിക്കേണ്ട കാരണങ്ങൾ:-
ഇന്ത്യയിൽ മെഡിക്കൽ ചിലവുകൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുദിനം വർധിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, മെഡിക്കൽ സേവനങ്ങളുടെ ചാർജിൽ രണ്ടു മുതൽ മൂന്ന് മടങ്ങു വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജീവിതത്തിലെ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നാണ് ഇൻഷുറൻസ് വാങ്ങൽ.
നിങ്ങൾ എല്ലാ മാസവും ഒരു ചെറിയ തുക ഹെൽത്ത് ഇൻഷുറസിനായി മാറ്റിവയ്ക്കുകയാണെങ്കിൽ, അപ്രതീക്ഷിതമായി നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകാവുന്ന ഭാരിച്ച ആശുപത്രി ചിലവുകളെ കുറിച്ചോർത്തു വിഷമിക്കാതെ ജീവിതം സന്തോഷപൂർണമായി നയിക്കാവുന്നതാണ്.
ഹെൽത്ത് ഇൻഷുറൻസിൻ്റെ ആവശ്യകതയെ കുറിച്ച് അജ്ഞരാണ് നമ്മിൽ പലരും. ഹെൽത്ത് ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും നിങ്ങൾ കേട്ടിട്ടുണ്ടാവും, രണ്ടും രണ്ടാണ്. നിങ്ങൾക്ക് അകാല മരണം സംഭവിക്കുകയോ അതുപോലെ എന്തെങ്കിലും അപകടം സംഭവിക്കുകയോ ആണെങ്കിൽ നിങ്ങളുടെ ആശ്രിതർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് ലൈഫ് ഇൻഷുറൻസ്.
ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉള്ള ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപ്രതീക്ഷിതമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നാൽ വേണ്ടി വരുന്ന ചിലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കുന്നതായിരിക്കും. ഇന്ത്യയിൽ 26 സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും അതുപോലെ 5 സർക്കാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും നിലവിൽ ഉണ്ട്. ഇവയെല്ലാം തന്നെ Insurance Regulatory and Development Authority of India (IRDAI) യുടെ നിയന്ത്രണത്തിൽ ആണ് പ്രവർത്തിക്കുന്നത്.
മാസം തോറും അടക്കുന്നത് പ്രീമിയം മുതൽ മൂന്ന് മാസം, ആറ് മാസം, ഒരു വർഷം, രണ്ടു വർഷം തുടങ്ങി മൂന്നു വർഷം വരെ ഒന്നിച്ചടക്കാവുന്ന വ്യത്യസ്ത ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം പ്ലാനുകൾ നിലവിൽ ഉണ്ട്. നിങ്ങൾ രണ്ടോ അതിൽ കൂടുതലോ വർഷങ്ങളിലേക്കുള്ള ഇൻഷുറൻസ് പ്രീമിയം ഒന്നിച്ചു അടക്കാൻ തയ്യാറാവുകയാണെങ്കിൽ പല കമ്പനികളും പ്രീമിയത്തിൽ നല്ല ശതമാനം ഇളവ് കൊടുക്കുന്നുണ്ട്.
നിങ്ങൾ ഒരു പക്ഷെ വിദേശത്തായിരിക്കും, നാട്ടിലുള്ള നിങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ നിങ്ങൾക്ക് നാട്ടിൽ എപ്പോഴാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നതെന്ന് മുൻകൂട്ടി അറിയാൻ സാധ്യമല്ല. ഒരു നല്ല ഇൻഷുറൻസ് പോളിസി കവറേജ് നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ, അതിനെകുറിച്ചോർത്തു വിഷമിക്കേണ്ട ആവശ്യമില്ല.
നിങ്ങൾ ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ശ്രദ്ധിക്കേണ്ട കുറെ അധികം കാര്യങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വിവിധ തരമുണ്ട്. അതേതൊക്കെയെന്ന് വ്യക്തമായി മനസിലാക്കാതെ ആരുടെയെങ്കിലും വാക്കുകൾ കേട്ട് എടുത്തു ചാടി ഏതെങ്കിലും പോളിസി എടുക്കരുത്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ പോളിസി ഏതെന്ന് മനസിലാക്കാൻ കുറച്ചു സമയം അതിനുവേണ്ടി മാറ്റി വയ്ക്കണം. മറ്റൊരാൾക്ക് അനുയോജ്യമായ പോളിസി നിങ്ങളുടെ കുടുംബത്തിന് യോജിക്കണമെന്നില്ല.
വികസിത രാജ്യങ്ങളിലെല്ലാം തന്നെ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. അത് ഒരു സമഗ്രമായ, അത്യാവശ്യമായ എല്ലാവിധ ചികിത്സ ചിലവുകളും വഹിക്കുന്ന പോളിസികൾ ആയിരിക്കും. എന്നാൽ ഇന്ത്യയിൽ വ്യത്യസ്തമാണ് പോളിസി പ്ലാനുകൾ. ഇന്ത്യയിൽ സർക്കാരിൻ്റെതായിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികളും അതുപോലെ സ്വകാര്യ കമ്പനികൾ നൽകുന്ന പോളിസികളും ഉണ്ട്. പ്രധാന വ്യത്യസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഏതാണ് മികച്ചത്: സർക്കാർ ആരോഗ്യ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളോ, അതോ സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് പോളിസിയോ?
പബ്ലിക് ഇൻഷുറൻസിൽ മാസം തോറും അടക്കേണ്ട പ്രീമിയം കുറവായിരിക്കും, എന്നാൽ പല രോഗങ്ങൾക്കുമുള്ള ചികിത്സകൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷക്കു പരിമിതി ഉണ്ടായിരിക്കും. അതായതു ചികിത്സക്ക് വേണ്ടി വരുന്ന തുകയുടെ ഇത്ര ശതമാനം നിങ്ങൾ സ്വയം വഹിക്കേണ്ടതാണ്. പബ്ലിക് ഇൻഷുറൻസിൽ നിങ്ങൾക്ക് സർക്കാർ കാലാകാലങ്ങളിൽ ലഭ്യമാക്കുന്ന ഓഫറുകൾക്കു അർഹതയുണ്ടായിരിക്കും. താഴ്ന്ന വരുമാനമുള്ള വ്യക്തികൾ അല്ലെങ്കിൽ കുടുംബ വിഭാഗത്തിലുള്ള ആളുകൾക്ക് ഇവ കൂടുതലും അനുയോജ്യമാണ്.
സ്വകാര്യ മെഡിക്കൽ ഇൻഷുറൻസിൻ്റെ പല പ്ലാനുകളിലും നിങ്ങൾക്ക് മുഴുവൻ കവറേജ് ലഭിക്കുന്നതാണ്. മിക്ക മെഡിക്കൽ ചെലവുകൾക്കും പൂർണ്ണ പരിരക്ഷ. എന്നാൽ നിങ്ങൾ മാസം തോറും അടക്കേണ്ട പ്രീമിയം കുറച്ചു കൂടുതൽ ആയിരിക്കും. നിങ്ങൾ ഒരു വർഷത്തിൽ ക്ലെയിം ഒന്നും ചെയ്തില്ലായെങ്കിൽ ബോണസ് ലഭിക്കുന്നതായിരിക്കും.
ഏതൊക്കെയായാണ് വിവിധ തരം ഹെൽത്ത് ഇൻഷുറൻസുകൾ?
- വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്ലാൻ
- ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ – പങ്കാളിയും കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിനായുള്ള പ്ലാൻ
- പ്രസവ ആരോഗ്യ ഇൻഷുറൻസ് – പ്രസവത്തിനു മുമ്പുള്ള ഘട്ടം, പ്രസവം, പ്രസവാനന്തര ഘട്ടം എന്നിവയിൽ ഉണ്ടാകുന്ന എല്ലാ ചെലവുകളും പരിരക്ഷിക്കപ്പെടുന്നു.
- സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ – 65 വയസ്സിനു മുകളിലുള്ള ആളുകൾക്ക് വേണ്ടിയുള്ളവ
- ഗുരുതര രോഗ ഇൻഷുറൻസ് പദ്ധതി – ഗുരുതരമായ രോഗത്തിനുള്ള ചെലവേറിയ ചികിത്സയ് ക്കു ലഭിക്കുന്ന സാമ്പത്തിക പരിരക്ഷ
- ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ – ഒരു കമ്പനിയിലെ മുഴുവൻ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പ്ലാൻ.
- ടോപ്പ്-അപ്പ് ആരോഗ്യ ഇൻഷുറൻസ് പ്ലാൻ – ഒരു നിശ്ചിത തുക വരെ അധിക മെഡിക്കൽ കവറേജ് ലഭിക്കാനുള്ള പ്ലാൻ
നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ:
- നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഇൻഷുറൻസ് പോളിസി പ്ലാനിന് പ്രായ പരിധി ഉണ്ടോ?
- നിങ്ങൾ ചികിത്സ തേടാൻ സാധ്യതയുള്ള ആശുപത്രികൾ കമ്പനിയുടെ നെറ്റ്വർക്ക് ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് പരിശോധിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ കമ്പനിയുടെ നെറ്റ്വർക്ക് ഹോസ്പിറ്റലുകളിൽ പെടാത്ത ഏതെങ്കിലും ഹോസ്പിറ്റലിൽ ചികിത്സ നടത്തുകയാണെങ്കിൽ നിങ്ങൾക്ക് ചിലവായ പണം തിരികെ ലഭിക്കുമോ ഇൻഷുറൻസ് കമ്പനിയിൽ നിന്നും, നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഇൻഷുറൻസ് പ്ലാനിൽ. എന്തെങ്കിലും നിബന്ധനകൾക്ക് ബാധകമാണോ?
- ഒപിഡി സന്ദർശനങ്ങൾ ഇൻഷുറൻസ് പരിധിയിൽ വരുമോ? OPD കവർ ചെയ്യുന്ന നിരവധി ഇൻഷുറൻസ് പ്ലാനുകൾ നിലവിൽ ഉണ്ട്. OPD & Day Care Treatment രണ്ടും രണ്ടാണ്. ചില ഇൻഷുറൻസ് പ്ലാനുകൾ Day Care Treatment ഓഫർ ചെയ്യുന്നുണ്ട് എന്നാൽ OPD കവറേജ് ചെയ്യുന്നില്ല. ഒരു ദിവസം ആശുപത്രിയിൽ കിടത്തി ലഭ്യമാകുന്ന ചികിത്സയാണു Day Care Treatment ഉദാഹരണത്തിന്, റേഡിയേഷൻ, ഡയാലിസിസ് മുതലായവ. എന്നാൽ കൺസൾട്ടേഷനായി നിങ്ങൾ ഡോക്ടറെ അവരുടെ ക്ലിനിക്കിൽ സന്ദർശിക്കുന്നതിനാണ് OPD or Outpatient Department treatment എന്നറിയപ്പെടുന്നത്. ചെറിയ വയറുവേദനയുമായി നിങ്ങൾ ആശുപത്രിയിൽ ഡോക്ടറെ സന്ദർശിക്കുകയും പതിവായി പരിശോധന നടത്തുകയും ചെയ്യുക, ഇത് OPD ചികിത്സയുടെ പരിധിയിൽ വരും. ഇത് ഇൻഷുറൻസ് പ്ലാനിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കുക?
- നിങ്ങൾക്കോ കുടുംബത്തിൽ ആർക്കെങ്കിലുമോ, ഇൻഷുറൻസ് പോളിസി ആരംഭിക്കുന്ന സമയത്തു, നിലവിലുള്ള രോഗങ്ങൾക്ക് വെയ്റ്റിംഗ് പീരീഡ് ഉണ്ടോ? ഉണ്ടെങ്കിൽ എത്ര നാൾ? സാധാരണയായി, വിവിധ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ നിലവിലുള്ള രോഗത്തിനുള്ള കാത്തിരിപ്പ് കാലാവധി ഒന്ന് മുതൽ നാല് വർഷം വരെയാണ്. ഉദാഹരണം ആർത്രൈറ്റിസ്, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൈറോയ്ഡ്, ഇഎൻടി ഡിസോർഡേഴ്സ്, ഹെർണിയ, ഓസ്റ്റിയോപൊറോസിസ്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി, തിമിരം മുതലായവ. ഈ കാലാവധിയിൽ, ഈ രോഗങ്ങൾക്ക് നിങ്ങൾക്ക് ചികിത്സ സഹായം ലഭിക്കില്ല എന്നത് നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കണം.
- ഇൻഷുറൻസ് പോളിസി ആരംഭിച്ചത്തിനു ശേഷം ഉണ്ടാകാൻ സാധ്യത ഉള്ള ഏതൊക്കെ രോഗങ്ങൾക്ക് നിശ്ചിത കാലാവധി വെയ്റ്റിംഗ് പീരീഡ് ഉണ്ട്? വിവിധ പ്ലാനുകൾ വിശദമായി പരിശോധിച്ചതിനു ശേഷം മാത്രം പോളിസി തിരഞ്ഞെടുക്കുക.
- ഞാൻ ഗർഭിണിയാണെങ്കിൽ അഥവാ പോളിസി തുടങ്ങിയതിനു ശേഷം ഗർഭിണി ആവുകയാണെങ്കിൽ എനിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ? പ്രസവത്തിനു മുമ്പുള്ള ഘട്ടം, പ്രസവം, പ്രസവാനന്തര ഘട്ടം എന്നിവയിൽ ഉണ്ടാകുന്ന എല്ലാ ചെലവുകൾക്ക് കവറേജ് ലഭിക്കുമോ?
- ഗുരുതരമായ രോഗ (Critical diseases) ഇൻഷുറൻസിന്റെ പരിധിയിൽ വരുന്ന അസുഖങ്ങൾ ഏതാണ്? വെയ്റ്റിംഗ് പീരീഡ് ഉണ്ടോ? ഉദാഹരണത്തിന്
- കാൻസർ
- ഹെപ്പറ്റൈറ്റിസ്
- ഹൃദയാഘാതം
- കൊറോണറി ആർട്ടറി രോഗം
- സ്ട്രോക്ക്
- എൻസെഫലൈറ്റിസ്
- കിഡ്നി പരാജയം
- ഹെഡ് ട്രോമ
- മൾട്ടിപ്പിൾ സ്ക്ലിറോസിസ്
- മെഡുള്ളറി സിസ്റ്റിക് രോഗം
- പാർക്കിൻസൺസ് രോഗം
- ബ്രെയിൻ സർജറി
- അൽഷിമേഴ്സ് രോഗം
- കൊറോണറി ആർട്ടറി ബൈപാസ് സർജറി
- ബ്രെയിൻ ട്യൂമർ (ബെനിൻ)
- ശ്വാസകോശ രോഗം (അവസാന ഘട്ടം)
- പക്ഷാഘാതം (അവയവങ്ങൾ)
- അയോർട്ടയുടെ ശസ്ത്രക്രിയ
- മസ്കുലർ ഡിസ്ട്രോഫി
- ടെർമിനൽ രോഗം
- പൊള്ളൽ
- എച്ച്ഐവി
- പ്രധാന അവയവം മാറ്റിവയ്ക്കൽ
- കാർഡിയോമയോപ്പതി
- പ്രൈമറി പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ
- സംസാരശേഷി നഷ്ടപ്പെടൽ
- കഠിനമായ കൊറോണറി ആർട്ടറി രോഗം
- ക്രോണിക് അപ്ലാസ്റ്റിക് അനീമിയ
- ഹാർട്ട് വാൽവ് സർജറി
- അന്ധത (സ്ഥിരം)
- ആൻജിയോപ്ലാസ്റ്റി
- ബാക്ടീരിയ മെനിഞ്ചൈറ്റിസ്
- കോമ
- കരൾ പരാജയം (അവസാന ഘട്ടം)
- ബധിരത
- ഇൻഷുറൻസ് പ്ലാൻ ആരംഭിച്ചു എത്ര ദിവസത്തിനു ശേഷം എനിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും . മിക്ക ഇൻഷുറൻസ് പോളിസികൾക്കും 30 ദിവസത്തെ കാലാവധിക്ക് ശേഷം മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. അപകട ചികിത്സക്ക് ഇൻഷുറൻസ് ആരംഭിച്ചു തൊട്ടടുത്ത ദിവസം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ഇത് ഓരോ പോളിസി പ്ലാനിലും വ്യത്യസ്തമാണ്.
- എല്ലാ മെഡിക്കൽ ചിലവുകളും ഈ പ്ലാനിൽ കവറേജ് ലഭിക്കുന്നതാണോ? ഉദാഹരണം ഡോക്ടർ കൺസൽറ്റേഷൻ ഫീ, മുറി വാടക( എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ?), ആശുപത്രി ചികിത്സയിൽ വേണ്ടി വരുന്ന മരുന്നുകൾ, മറ്റു വസ്തുക്കൾ, ടെസ്റ്റുകൾ തുടങ്ങിയവ ഇൻഷുറൻസ് പരിധിയിൽ വരുന്നതാണോ? എന്തിനെങ്കിലും നിങ്ങൾ കയ്യിൽ നിന്ന് പണം ചെലവാക്കേണ്ടി വരുമോ?
- ആശുപത്രിവാസത്തിന് മുമ്പും ശേഷവും വരുന്ന ചിലവുകൾ ഇൻഷുറൻസ് പരിധിയിൽ വരുമോ?
- ദീർഘനാളത്തെ ആശുപത്രിവാസം ആവശ്യമില്ലാത്ത നിരവധി ചികിത്സകൾ ഉണ്ട്. 24 മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ചികിത്സകൾക്കാണ് ഡേ കെയർ ട്രീട്മെൻറ് എന്ന് പറയുന്നത്. തിമിര ശസ്ത്രക്രിയകൾ, നാസൽ സൈനസ് ആസ്പിറേഷൻ, കാൻസർ കീമോതെറാപ്പി, കാൻസർ റേഡിയോ തെറാപ്പി എന്നിവ സാധാരണ ഡേകെയർ ചികിത്സകളുടെ ഉദാഹരണങ്ങളാണ്.മിക്ക ആരോഗ്യ ഇൻഷുറൻസ് കമ്പനികളും ഡേ കെയർ ചികിത്സകൾക്ക് പരിരക്ഷ നൽകുന്നുണ്ട്? ഉണ്ടെങ്കിൽ ഏതൊക്കെ ചികിത്സകൾക്ക്? ഉദാഹരണത്തിന്
- Dialysis
- Coronary angiography
- Chemotherapy
- Radiotherapy
- Foreign body removal
- Nose surgeries
- Piles/fistula
- Appendectomy
- ഒരു അസുഖം സംഭവിക്കും മുമ്പ് അതു തുടക്കത്തിൽ തന്നെ തിരിച്ചറിയാനുള്ള Preventive Health Check-Up സൗജന്യമായി ചെയ്യുവാൻ സാധിക്കുമോ? എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ?
- ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, യോഗ, പ്രകൃതിചികിത്സ തുടങ്ങിയ ബദൽ ചികിത്സകൾ ഈ ഇൻഷുറൻസ് പ്ലാനിന്റെ പരിധിയിൽ വരുമോ?
- ഇൻഷുറൻസ് പോളിസി ആരംഭിച്ചു തുടർന്നുള്ള വർഷങ്ങളിൽ ക്ലയിം ഒന്നും തന്നെ ചെയ്യുന്നില്ലായെങ്കിൽ എന്തെങ്കിലും അധിക പ്രയോജനം ലഭിക്കുമോ?
- എത്ര തുകയാണ് നിങ്ങൾക്കും കുടുംബത്തിനും ഒരു വര്ഷം വേണ്ടി വന്നേക്കാവുന്ന ചികിത്സ ചിലവുകൾ? സാധാരണയായി പത്തു ലക്ഷം മുതൽ ഇരുപതു ലക്ഷം വരെയുള്ള തുകയ്ക്കാണ് കൂടുതൽ പേരും ഇൻഷുറൻസ് കവറേജ് എടുക്കുന്നത്.
- ഉദാഹരണത്തിന്, അപ്രതീക്ഷിതമായി എൻ്റെ കുടുംബത്തിൽ ഒരാൾക്ക് പെട്ടെന്നു ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടാവുകയും, ഞാൻ എടുത്ത ഇൻഷുറൻസ് കവറേജ് തുകയായ 10 ലക്ഷത്തിൽ നിന്നും ഏഴു ലക്ഷം ചികിത്സ ചിലവായി വരുകയും, ഈ വർഷത്തിലെ പിന്നീട് ഉള്ള മാസങ്ങളിലേക്കു ചിലവായതിൻറെ ബാക്കി തുകയായ മൂന്നു ലക്ഷം ഇൻഷുറൻസ് കവറേജ് മാത്രമേ ലഭ്യമായുള്ളോ? അതോ Restoration Benefit ലഭ്യമാണോ? 100% Restoration ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നത് ഉറപ്പാക്കുക, അതുവഴി ക്ലെയിമിന് ശേഷം ഇൻഷുറൻസ് തുക തീർന്നുപോയാൽ അത് പുനഃസ്ഥാപിക്കപ്പെടുന്നതായിരിക്കും.
- ആശുപത്രിവാസത്തിനു പകരമായി വീടുകളിൽ വേണ്ടി വരുന്ന ചികിത്സകൾക്കു ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണോ?
- ആംബുലസ് വിളിക്കേണ്ടി വന്നാൽ അതിൻ്റെ ചെലവ് ഇൻഷുറൻസ് പരിരക്ഷയിൽ വരുമോ?
- നിങ്ങളുടെ ആശുപത്രിവാസം മൂലം, ജോലിക്കു പോകാൻ സാധിക്കാതെ വരുകയും, ആയതിനാൽ നിങ്ങളുടെ കുടുംബങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇൻഷുറൻസ് കവറേജിൽ നിന്നും എന്തെങ്കിലും സഹായം ലഭിക്കുമോ?
നിങ്ങളെ സമീപിക്കുന്ന ഇൻഷുറൻസ് ഏജന്റിനോട് പ്ലാനിൽ എന്തൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ചോദിക്കുന്നതിനു പകരം എന്തൊക്കെ ഒഴിവാക്കിയിട്ടുണ്ട് എന്ന് ചോദിക്കുന്നതാണ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്നത്. എന്തൊക്കെ ഒഴിവാക്കിയിട്ടുണ്ട്, എന്തിലൊക്കെ നിങ്ങളും ഇത്ര ശതമാനം പണം ചിലവാകണം എന്ന് നേരെത്തെ അറിഞ്ഞിരിക്കുന്നത്, പിന്നീട് ചികിത്സ തേടുന്ന സമയത്തു ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.
ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുന്നതിൽ ആളുകൾ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്?
ഹെൽത്ത് ഇൻഷുറൻസ് പദങ്ങൾ വളരെ സങ്കീർണമാണ്, മനസിലാക്കാൻ പ്രയാസമാണ് തുടങ്ങിയ മുൻ വിചാരത്താൽ പലരും കൂടുതൽ മനസിലാക്കാൻ ശ്രമിക്കാതെ ഏതെങ്കിലും ഒരു ഇൻഷുറൻസ് പ്ലാൻ എടുക്കാൻ തീരുമാനിക്കയാണ്. പിന്നീട് ചികിത്സ തേടുന്ന സമയത്താണ് പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.
മനസിലാക്കാൻ പ്രയാസമായ കാര്യങ്ങൾ ഒന്നും തന്നെ ഹെൽത്ത് ഇൻഷുറൻസിൽ ഇല്ല. കുറച്ച് സമയം അതിനു വേണ്ടി നിങ്ങൾ മാറ്റി വെയ്ക്കാൻ തയ്യാറായൽ മതി. മറ്റൊരാൾക്ക് അനുയോജ്യമായ പോളിസി നിങ്ങളുടെ കുടുംബത്തിന് യോജിക്കണമെന്നില്ല.
വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുന്നതിലൂടെ, എന്തൊക്കെ ഒഴിവാക്കിയിട്ടുണ്ട്, ഉൾപ്പെടുത്തിയിട്ടുണ്ട്, നെറ്റ്‌വർക്ക് ഹോസ്പ്പിറ്റലുകൾ, കോ-പേ തുകകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ഏറ്റവും വലിയ ആനുകൂല്യം നൽകുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.
Continuing..
Loading….
Please come back later, Thank you.
Aneesh
29 Oct 2023Thanks for this great article
mohan
29 Oct 2023വളരെ നന്ദി ഈ വിവരങ്ങൾക്ക്. എന്റെ പേര് മോഹൻ, കോട്ടയം ജില്ലയിൽ ആണ് വീട്. ഞാൻ ഇൻഷുറൻസ് എടുത്തിട്ട് ഇപ്പോൾ മൂന്നു വര്ഷം കഴിഞ്ഞു . ആദ്യത്തെ രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ഇൻഷുറൻസ് പുതുക്കണ്ട എന്ന് വിചാരിച്ചു, എന്നാൽ മക്കളുടെ നിർദേശത്താൽ പുതുക്കി. ഒരു നാല് മാസങ്ങൾക്കു മുൻപ് പെട്ടെന്ന് കുടുംബത്തിൽ ഒരു അപകടം ഉണ്ടാവുകയും ഇൻഷുറൻസ് ഉണ്ടായിരുന്നത് കൊണ്ട് പണത്തിനു ഓടേണ്ടി വന്നില്ല. എനിക്കറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി. എല്ലാ ആശംസകളും.