Byjus App – എവിടെയാണ് പിഴച്ചത്?

Byjus App – എവിടെയാണ് പിഴച്ചത്?

2022 ൽ 22 ബില്യൺ ഡോളർ കമ്പനി മൂല്യം എന്ന കൊടുമുടിയിൽ കയറിയ, 2023 ഏപ്രിൽ വരെ 150 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത, ബൈജൂസ്‌ എങ്ങനെയാണ് 2024 ൽ പാപ്പരത്ത നടപടികൾ നേരിടുന്ന നിലയിലേക്ക് കൂപ്പു കുത്തിയത്. 2024 ലെ കണക്കനുസരിച്ച് Byjus App കമ്പനി മൂല്യം 200 മില്യൺ ഡോളറാണ്.

1980 ൽ കേരളത്തിലെ അഴിക്കോട് എന്ന ഗ്രാമത്തിൽ ജനിച്ച ബൈജു രവീന്ദ്രൻ്റെ അമ്മ ഒരു മാത്തമാറ്റിക്സ് ടീച്ചറും പിതാവ് ഭൗതികശാസ്ത്ര അധ്യാപകനും ആയിരുന്നു. 2003 ൽ, തൻ്റെ അവധിക്കാലത്ത് CAT പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സുഹൃത്തുക്കളെ സഹായിക്കാൻ തുടങ്ങുകയും അതെ സമയം സ്വയം പരിശീലിക്കുകയും ചെയ്ത് CAT പ്രവേശന പരീക്ഷയിൽ അദ്ദേഹം 100% സ്കോർ നേടുകയുണ്ടായി. കേരളത്തിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് എടുത്ത ബൈജു രവീന്ദ്രൻ, ഒരു ബഹുരാഷ്ട്ര ഷിപ്പിംഗ് സ്ഥാപനത്തിൽ ഒരു സർവീസ് എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. എന്നിരുന്നാലും, പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം മാഞ്ഞു പോയിരുന്നില്ല. 2005 ൽ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ച് കണക്ക് ക്ലാസ്സുകളും അതുപോലെ CAT പ്രവേശന പരീക്ഷ പരിശീലനത്തിലും ഏർപ്പെടുകയും, 2009 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും, റെക്കോർഡ് ചെയ്ത ക്ലാസുകൾ ഓൺലൈനിൽ വിദ്യാർത്ഥികളിൽ എത്തിക്കാൻ ആരംഭിക്കുകയും ചെയ്‌തു. ബൈജുവിൻ്റെ ക്ലാസ്സിലെ വിദ്യാർഥിനി ആയിരുന്ന ദിവ്യ ഗോകുലനാഥും ബൈജുവും 2009 ൽ വിവാഹിതരായി, ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.

2011 ൽ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുലനാഥും ചേർന്ന് Think and Learn Pvt Ltd എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനി രജിസ്റ്റർ ചെയ്‌തു. 2015 ൽ മൊബൈൽ ഡിവൈസുകളിൽ എളുപ്പത്തിൽ ക്ലാസുകൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ സഹായിക്കുന്ന വിധത്തിൽ ബൈജൂസ്‌ ആപ്പ് എന്ന പേരിൽ മൊബൈൽ ആപ് പുറത്തിറക്കുകയുണ്ടായി. 2018 ൽ ബൈജുസിന്റെ മൂല്യം ഒരു ബില്യൺ ഡോളറിലെത്തുകയും പ്രവർത്തനം അമേരിക്ക, യുണൈറ്റഡ്‌ കിങ്ഡം എന്നെ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുകയുമുണ്ടായി. 2018 അവസാനത്തോടെ, ബൈജൂസിന് 0.9 ദശലക്ഷം സബ്സ്ക്രൈബേഴ്‌സ് ഉൾപ്പെടെ 15 ദശലക്ഷം ഉപയോക്താക്കൾ എന്ന നേട്ടം കൈവരിക്കുകയുണ്ടായി.

വേണ്ടത്ര പഠനം നടത്താതെ ബൈജൂസ്‌ നടത്തിയ കമ്പനി ഏറ്റെടുക്കലുകൾ കടബാധ്യതയിലേക്കു ബൈജൂസിനെ എത്തിക്കുകയാണുണ്ടായത്, അവ ഏതൊക്കെയെന്നു നോക്കാം:

  1. Specadel- Undisclosed – 2015
  2. TutorVista, Edurite from Pearson – July 2017
  3. Vidyartha- ~$500 million – 2017
  4. Math Adventures- Undisclosed – 2118
  5. OSMO- $120 million – January 2019
  6. LabInApp- Undisclosed – September 2020
  7. WhiteHat Jr. – $300 million – July 2020
  8. Great Learning- $600 million – July 2021
  9. EPIC- $500 million – July 2021
  10. Aakash Educational Services Ltd.- $1 billion – April 2021
  11. WHODAT- Undisclosed – 2021
  12. HashLearn- Undisclosed – 2021
  13. Toppr- $150 million – July 2021
  14. Tynker- $200 million – 2021
  15. Scholr- $180 million – 2021
  16. Gradeup- Undisclosed – – 2021
  17. Infiken Internet labs Pvt. Ltd. – Undisclosed – 2021

വലിയ തുകക്ക് ഫുട്ബാൾ താരം മെസ്സിയെ ലോക ബ്രാൻഡ് അംബാസിഡർ ആയി കോൺട്രാക്ട് ഒപ്പിട്ടതും, അതുപോലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും, ഫുട്ബോൾ ലോകകപ്പും സ്പോൺസർ ചെയ്തതും സാമ്പത്തിക ബാധ്യത വരുത്തി വച്ചു. യുഎസ് അടിസ്ഥാനമാക്കിയുള്ള നിക്ഷേപ സ്ഥാപനമായ റെഡ്വുഡ്സിൽ നിന്നും 1.2 ബില്യൺ ലോൺ എടുത്തത് തിരിച്ചടവ് മുടങ്ങുകയും നിയമ നടപടികളിലേക്ക് നയിക്കുകയും ചെയ്‌തു.

കമ്പനിയുടെ മൂന്ന് ബോർഡ് ഓഫ് ഡയറക്ടർമാർ – ജി വി രവിശങ്കർ, റസ്സൽ ഡ്രെയ്സെൻസ്റ്റോക്ക്, വിവിയൻ വു, കമ്പനിയുടെ സാമ്പത്തിക ഓഡിറ്ററായ ഡെലോയിറ്റ് എന്നിവർ 2023 ൽ രാജിവച്ചു.2023 ൽ ബൈജൂസിലെ നിരവധി ജീവനക്കാർക്ക് പിരിഞ്ഞു പോകൽ നോട്ടീസ് ലഭിക്കുകയുണ്ടായി.2023 ഏപ്രിലിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ബെംഗളൂരുവിൽ ബൈജുവിന്റെ മൂന്ന് ഓഫീസുകളിൽ റെയ്ഡ് നടത്തി 19,362.35 കോടി രൂപയുടെ ഫെമ ലംഘന അറിയിപ്പ് നൽകി.

അഗ്രെസ്സിവ് മാർക്കറ്റിംഗ് രീതികൾ പിന്തുടർന്നത് പല നല്ല കസ്റ്റമർസിനേയും ബൈജൂസിൽ നിന്നും അകറ്റി. സെയിൽസ് ആളുകൾ രക്ഷിതാക്കളെയും കുട്ടികളെയും നിർബന്ധിച്ചു ബൈജൂസ്‌ സബ്‌സ്‌ക്രിപ്ഷൻ എടുക്കാൻ പ്രേരിപ്പിക്കുന്നതായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പല മാതാപിതാക്കളെയും സബ്‌സ്‌ക്രിപ്ഷൻ വരിസംഖ്യ അടക്കാൻ ഭീഷണിപ്പെടുന്നതായും നിരവധി പരാതികൾ ഉയർന്നു വരാൻ തുടങ്ങി. കോവിഡിന് ശേഷം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് തിരികെ പോകാൻ തുടങ്ങിയതും അതുപോലെ നിലവിവരം കുറഞ്ഞ ബൈജൂസ്‌ ഓഫർ ചെയ്ത ക്ലാസ്സുകളും തിരിച്ചടിയായി. ബൈജൂസിന്റെ സേവനം മെച്ചപ്പെടുത്തുന്നതിൽ ശ്രെദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം മാർക്കറ്റിംഗിലും അതുപോലെ മറ്റു കമ്പനികൾ ഏറ്റെടുക്കുന്നതിലും കൂടുതൽ ഫോക്കസ് ചെയ്തത് വിനയായി.

ബോർഡ് പുനരവലോകനം ചെയ്യാനും ബൈജുവിനെ നേതൃസ്ഥാനത്തു നിന്നും മാറ്റാനും ഒരു അസാധാരണ പൊതുയോഗം നിക്ഷേപകർ 2024 ഫെബ്രുവരി 23 നു വിളിക്കുകയും എന്നാൽ ബൈജു കർണാടക ഹൈ കോടതിയെ സമീപിക്കുകയും നിക്ഷേപകർ എടുക്കുന്ന തീരുമാനം മാർച്ച് 13 വരെ നടപ്പാക്കുന്നതിൽ നിന്നും സ്റ്റേ അനുവദിക്കുകയും ഉണ്ടായി.


Leave a Reply

Start typing and press Enter to search

error: Content is protected !!
×